തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവകലാശാലസ വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് (വി.ഡി. സതീശൻ) തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലതെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വി.ഡി. സതീശൻ ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ. സുരേന്ദ്രൻ രംഗത്തെത്തിയത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണ് വൈസ് ചാൻസലർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു വി.ഡി. സതീശന്റെ കുറ്റപ്പെടുത്തൽ. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർഎസ്എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കെ. സുരേന്ദ്രൻ നേരിട്ട് കമന്റുമായി എത്തിയത്.
ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി ഡോ. ഡി. മാവുത്ത്, മലയാളം സർവകലാശാല വിസിയുടെ ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ മുഖ്യാതിഥികളായി പങ്കെടുത്തത്.